കൊച്ചിയിൽ 24 ന്യൂസ് സംഘടിപ്പിച്ച ‘ബിസിനസ് കോൺക്ലേവിൽ’ പങ്കെടുത്തു. നൂതന ആശയങ്ങളെ വ്യവസായങ്ങളും തൊഴിലവസരങ്ങളുമാക്കി മാറ്റി, സാങ്കേതികവിദ്യയുടെയും നിർമ്മിത ബുദ്ധിയുടെയും ഈ പുതിയ കാലഘട്ടത്തിൽ കേരളം അതിവേഗം മുന്നേറേണ്ടതുണ്ട്. പതിനാല് വർഷമായിട്ടും എയിംസ് (AIIMS) അനുവദിക്കാതെയും, അതിവേഗ റെയിൽവേ കോറിഡോർ നിഷേധിച്ചും കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് തുടരുന്നത്. മികച്ച തൊഴിലവസരങ്ങളുടെയും ശമ്പളത്തിന്റെയും അഭാവം മൂലം നമ്മുടെ യുവതലമുറ നാടുവിടുന്ന സാഹചര്യം ഒഴിവാക്കാൻ വിദ്യാഭ്യാസത്തെ നൈപുണ്യ വികസനവുമായി സംയോജിപ്പിക്കേണ്ടത് അനിവാര്യമാണ്. സംരംഭകരെ സംശയദൃഷ്ടിയോടെ കാണുന്ന രീതി അവസാനിപ്പിച്ച് അവർക്ക് പൂർണ്ണ വിശ്വാസത്തോടെ നിക്ഷേപം നടത്താൻ കഴിയുന്ന തികച്ചും അനുഭാവപൂർണ്ണമായ ഒരു വ്യവസായ അന്തരീക്ഷം സംസ്ഥാനത്ത് രൂപപ്പെടണം. പ്രവാസികളുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്ന കാലം മാറി, നമ്മുടെ മാനവവിഭവശേഷിയും മറ്റ് അനുകൂല ഘടകങ്ങളും ഉപയോഗപ്പെടുത്തി വ്യക്തമായ കാഴ്ചപ്പാടിലൂടെ സ്വയം പര്യാപ്തമായ ഒരു വികസന മാതൃക സൃഷ്ടിക്കാൻ നമുക്ക് കഴിയണം.
കേന്ദ്രമന്ത്രി കിരൺ റിജിജു, ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ. ശ്രീകണ്ഠൻ നായർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. വ്യവസായികൾക്കും സർക്കാരിനുമിടയിൽ പരസ്പര വിശ്വാസമുള്ള ഒരു പുതിയ വ്യവസായ സംസ്കാരം കെട്ടിപ്പടുക്കാനും, കേരളത്തിന്റെ ഭാവി വികസനത്തിന് കൃത്യമായ ദിശാബോധം നൽകാനും ഇത്തരം ചർച്ചകൾക്ക് കഴിയട്ടേയെന്ന് പ്രത്യാശിക്കുന്നു.

