തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുന്നിൽ ചുട്ടുപൊള്ളുന്ന വെയിലിൽ മുട്ടിലിഴഞ്ഞും ശയനപ്രദക്ഷിണം നടത്തിയും നിരാഹാരം കിടന്നും പ്രതിഷേധിക്കുന്ന എൽ.പി സ്കൂൾ ടീച്ചർ റാങ്ക് ഹോൾഡർമാരുടെ കണ്ണീർ കേരളത്തിന്റെ മനസ്സാക്ഷിയെയാകെ നോവിക്കുന്നതാണ്.
അഞ്ചും ആറും വർഷം രാപ്പകൽ കഷ്ടപ്പെട്ട് പഠിച്ച് പി.എസ്.സി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ച ഈ ഉദ്യോഗാർത്ഥികളോട്
ഇന്നലെ വൈകുന്നേരം
സംസാരിച്ചപ്പോൾ അവർ പങ്കുവെച്ച സങ്കടങ്ങൾ വിവരണാതീതമാണ്. കുഞ്ഞുമക്കളെയും രോഗികളായ മാതാപിതാക്കളെയും വീട്ടിലാക്കി, ഒരു ജോലിയെന്ന സ്വപ്നവുമായി പരീക്ഷയെഴുതി യോഗ്യത നേടിയ പെൺകുട്ടികളടക്കമുള്ളവർക്ക് ഒടുവിൽ നീതിതേടി തെരുവുകളിൽ കിടക്കേണ്ടി വരുന്നത് എത്രമാത്രം ഹൃദയഭേദകമാണ്!
അർഹതപ്പെട്ട ജോലിക്ക് വേണ്ടി തെരുവിലിറങ്ങേണ്ടി വരിക എന്നത് കേരളത്തിന് തന്നെ വലിയൊരു അപമാനമായി മാറിയിരിക്കുന്നു.
റാങ്ക് ലിസ്റ്റ് വന്ന് പത്തുമാസം കഴിഞ്ഞിട്ടും, സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഒരാളെപ്പോലും നിയമിച്ചിട്ടില്ല എന്ന യാഥാർഥ്യം പി.എസ്.സി എന്ന സംവിധാനത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുകയാണ്. യൂണിവേഴ്സിറ്റികളിൽ ഒന്നാം റാങ്ക് നേടിയവർക്ക് പോലും ജോലി ലഭിക്കാത്ത ദുരവസ്ഥയാണ് ഇന്നുള്ളത്. കുട്ടികളുടെ കുറവ് മൂലമുള്ള ഡിവിഷൻ ഫോൾ കാരണം തസ്തിക നഷ്ടപ്പെടുന്നുവെന്ന സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗാർത്ഥികളെ സർക്കാർ വഞ്ചിക്കുകയാണ്. വിദ്യാർത്ഥി-അധ്യാപക അനുപാതം 1:25 ആയി കുറച്ചും, ഹെഡ്മാസ്റ്റർ തസ്തികകൾ കൃത്യമായി റെഗുലറൈസ് ചെയ്തും ഈ പ്രതിസന്ധി എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്നിരിക്കെ, അതിനൊന്നും മുതിരാതെ സർക്കാർ ഈ യുവജനങ്ങളുടെ കണ്ണീരുകാണാതെ കണ്ണടയ്ക്കുകയാണ്.
അഭ്യസ്തവിദ്യരായ നമ്മുടെ യുവതലമുറയെ ഇങ്ങനെ തെരുവിലിട്ട് അപമാനിക്കാൻ സർക്കാരിനെ അനുവദിക്കാനാവില്ല. ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തും, നിയമന സാധ്യതകൾ ഇല്ലാതാക്കുന്ന അപാകതകൾ അടിയന്തരമായി പരിഹരിച്ചും ഉദ്യോഗാർത്ഥികൾക്ക് അർഹമായ നിയമനം നൽകാൻ സർക്കാർ ഉടൻ തയ്യാറാകണം. സർക്കാരിന്റെ ഈ യുവജന വഞ്ചനയ്ക്കെതിരെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ വേണ്ടി രാപ്പകൽ ഭേദമന്യേ സെക്രട്ടേറിയറ്റിന് മുന്നിൽ സഹനസമരം നടത്തുന്ന മുഴുവൻ പി.എസ്.സി ഉദ്യോഗാർത്ഥികൾക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും എന്റെയും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും ഈ അവസരത്തിൽ അറിയിക്കുന്നു. ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്.

