Skip to content Skip to footer

അവഗണിക്കപ്പെടുന്ന നഴ്‌സിംഗ് അവകാശങ്ങൾ

അവഗണിക്കപ്പെടുന്ന നഴ്‌സിംഗ് അവകാശങ്ങൾ

അവഗണിക്കപ്പെടുന്ന നഴ്‌സിംഗ് അവകാശങ്ങൾ

നമ്മുടെ ആരോഗ്യമേഖലയുടെ നട്ടെല്ലായ നഴ്‌സുമാർ സ്വകാര്യ ആശുപത്രികളിൽ നേരിടുന്നത് കൊടിയ ചൂഷണവും അനീതിയുമാണ്. കഴിഞ്ഞ ദിവസം നഴ്‌സുമാരുടെ പ്രതിനിധികളുമായി സംസാരിച്ചപ്പോൾ അവർ പങ്കുവെച്ച കാര്യങ്ങൾ അങ്ങേയറ്റം ഗൗരവമുള്ളതാണ്. ഒരു നഴ്‌സിന് പത്തും പന്ത്രണ്ടും രോഗികളെ നോക്കേണ്ടി വരുന്ന അമിത ജോലിഭാരവും, എട്ടു മണിക്കൂർ ഷിഫ്റ്റ് എന്നത് യാതൊരു ഓവർടൈം അലവൻസുമില്ലാതെ പന്ത്രണ്ട് മണിക്കൂർ വരെ നീളുന്നതും വലിയ മനുഷ്യാവകാശ ലംഘനമാണ്. രോഗികളിൽ നിന്നും വലിയ തുക ‘നഴ്സിംഗ് ചാർജ്’ ആയി ഈടാക്കുന്ന മാനേജ്‌മെന്റുകൾ അതിന്റെ ചെറിയൊരു വിഹിതം പോലും അർഹരായ ഈ ആരോഗ്യപ്രവർത്തകർക്ക് നൽകുന്നില്ല എന്നത് വലിയ ക്രൂരതയാണ്. സ്ഥിരനിയമനങ്ങൾ നൽകാതെ നൂറു ശതമാനവും കരാർ അടിസ്ഥാനത്തിൽ മാത്രം ജോലി ചെയ്യിപ്പിച്ച്, അവകാശങ്ങൾ ചോദിക്കുമ്പോഴോ സംഘടിക്കുമ്പോഴോ പിരിച്ചുവിടുന്ന തൊഴിൽ ചൂഷണമാണ് ഇന്ന് നടക്കുന്നത്. പഠിച്ചിറങ്ങുന്ന പുരുഷ നഴ്‌സുമാരെ ജോലിക്ക് എടുക്കാതെയുള്ള ലിംഗവിവേചനവും ഈ മേഖലയിൽ വ്യാപകമാണ്. ഈ കൊടിയ അനീതികൾക്കെതിരെ തൊഴിലാളി പക്ഷത്തുനിന്ന് ഇടപെടേണ്ട സംസ്ഥാന തൊഴിൽ വകുപ്പാകട്ടെ, കേവലം കാഴ്ചക്കാരായി പ്രഹസന ചർച്ചകൾ മാത്രം നടത്തി മാനേജ്‌മെന്റുകൾക്ക് കുടപിടിക്കുകയാണ്.

രാപ്പകൽ ഭേദമില്ലാതെ രോഗികളെ ശുശ്രൂഷിക്കുന്ന ഈ ആരോഗ്യപ്രവർത്തകരുടെ സേവനവും ത്യാഗവും ഇനിയും നമുക്ക് അവഗണിക്കാനാവില്ല. മെച്ചപ്പെട്ട ഒരു ആരോഗ്യ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കുന്നതിന് നഴ്‌സുമാരുടെ ജീവിതസുരക്ഷയും തൊഴിൽ സാഹചര്യവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഒറ്റയടിക്ക് എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാനായില്ലെങ്കിലും, അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതിനും മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥകൾ ഉറപ്പാക്കുന്നതിനും കൃത്യമായ ഇടപെടലുകൾ തീർച്ചയായും ഉണ്ടാകും. സ്വന്തം നീതിക്കായി ശബ്ദമുയർത്തുന്ന നഴ്‌സുമാരുടെ പോരാട്ടങ്ങൾക്കൊപ്പം എക്കാലവും ഞങ്ങളുണ്ടാകുമെന്ന് ഉറപ്പുനൽകുന്നു. നിങ്ങളുടെ ഈ സ്വരം ഇനി ആരും കേൾക്കാതെ പോകില്ല. അതൊരു മാറ്റത്തിന്റെ ശബ്ദമായി ഈ സമൂഹത്തിൽ എക്കാലവും നിലനിൽക്കുക തന്നെ ചെയ്യും.
സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളുമായി സംവദിക്കുന്ന Open Mind എന്ന പരിപാടിയിൽ നിന്ന്.