വാദിയും പ്രതിയും ന്യായാധിപനും ഒന്നായി തീരുന്ന ദുരന്തത്തിനാണ് ലോക്‌സഭ സാക്ഷ്യം വഹിച്ചത് .ഇന്ന് ലോക്സഭയില്‍ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ ശൂന്യത ബോധപൂര്‍വം സൃഷ്ടിച്ച് വാദിയും പ്രതിയും ന്യായാധിപനും ഒരാളാകുകയാണ്. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച നിയന്ത്രിക്കുന്നത് ‘പാനല്‍ ഓഫ് ചെയര്‍പേഴ്‌സണില്‍’ (Panel of Chairpersons) നിന്നുള്ള ഒരാളാണ്. എന്നാല്‍, ഈ പാനലിനെ പൂര്‍ണ്ണമായും നിയമിക്കുന്നത് സ്പീക്കര്‍ തന്നെയാണ്! സ്പീക്കര്‍ക്കെതിരായ ചര്‍ച്ച നിയന്ത്രിക്കുന്നത് സ്പീക്കര്‍ തന്നെയെന്നു ചുരുക്കം! അദ്ദേഹത്തെ മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച നിയന്ത്രിക്കാന്‍ ഇവര്‍ക്ക് യാതൊരു അര്‍ഹതയുമില്ല. അത് എല്ലാ സാമാന്യ മര്യാദകളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ്. പാര്‍ലമെന്ററി നടപടികളുടെ തികച്ചും തെറ്റായ പ്രയോഗവുമാണ്. ജനാധിപത്യധ്വംസനമാണ്.
കഴിഞ്ഞ ഏഴ് വര്‍ഷമായി ലോക്സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞുകിടക്കുകയാണ്. യഥാര്‍ത്ഥത്തില്‍ ഇത്തരം നടപടിക്രമങ്ങളില്‍ സഭ നിയന്ത്രിക്കേണ്ടത് ഡെപ്യൂട്ടി സ്പീക്കറാണ്.ഈ പദവി ഇല്ലാത്തതിന്റെ ഫലമായിട്ടാണ് പാനല്‍ ഓഫ് ചെയര്‍പേഴ്‌സണില്‍ നിന്നൊരാളെ നിയോഗിച്ചത്. ജനാധിപത്യപരമായ കീഴ്വഴക്കങ്ങള്‍ പാലിച്ച്, ഈ പ്രമേയ ചര്‍ച്ച നിയന്ത്രിക്കുന്നതിനായി അനുയോജ്യനായ ഡെപ്യൂട്ടി സ്പീക്കറെ സഭ അടിയന്തരമായി തിരഞ്ഞെടുക്കണം എന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന ഈ കീഴ്‌വഴക്കങ്ങൾ അംഗീകരിക്കാനാവില്ല.

