കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിരന്തരമായിത്തുടരുന്ന ദ്രോഹനടപടികൾക്ക് തുടർച്ചയായി വിധേയരാകുന്ന കേരളത്തിലെ കർഷകരുടെ നൊമ്പരമാണ് ഞാനിന്ന് കേട്ടത്. പാലക്കാട്ടെ പെരുവെമ്പില്‍ നെല്‍ക്കര്‍ഷകര്‍ അവരുടെ ജീവിതം വഴിമുട്ടിയ സാഹചര്യം പറയുന്നത് ഉൾക്കണ്ണില്ലാത്ത സർക്കാരുകൾ ആവർത്തിച്ച് കേൾക്കണം.
സംസ്ഥാന സര്‍ക്കാര്‍ നെല്ലിന് നല്‍കിവരുന്ന പ്രോത്സാഹന സബ്സിഡിയായ കിലോയ്ക്ക് 6 രൂപ കേന്ദ്രം പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധി അതീവ ഗുരുതരമാക്കിയത്. സംസ്ഥാന സർക്കാരാകട്ടെ, സമയത്ത് നെല്ല് സംഭരിക്കാതെ, സംഭരിച്ച നെല്ലിന്റെ വില മാസങ്ങളോളം വൈകി നല്കി, സ്വകാര്യ മില്ലുടമകളുമായി ഒത്തുകളി നടത്തി കർഷകരെ വഞ്ചിക്കുകയാണ്. വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവും കൊയ്ത്തുയന്ത്രങ്ങളുടെയും ട്രാക്ടറുകളുടെയും ഉയര്‍ന്ന വാടകയും രാസവളങ്ങളുടെ അമിതവിലയും ചേര്‍ന്ന് കര്‍ഷകനെ സാമ്പത്തികമായി ഒരുവശത്ത് തളര്‍ത്തുകയുമാണ്.
ഈ ദ്രോഹവും കാഴ്ചയും തുടരുകയെന്നത് സാധ്യമല്ല, അംഗീകരിക്കാനും കഴിയുന്നതല്ല. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലായിരിക്കും മുന്‍ഗണന നല്‍കുക. സംഭരണം ഉറപ്പാക്കാനും വില സമയബന്ധിതമായി നല്‍കാനും സ്വകാര്യ മില്ലുകളുടെ ചൂഷണം അവസാനിപ്പിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നത് അവർക്ക് നൽകിയ ഉറപ്പാണ്. അത് പാലിക്കപ്പെടുക തന്നെ ചെയ്യും.

