Skip to content Skip to footer

ഗിഗ് വർക്കേഴ്സിന് പ്രഥമപരിഗണന

ഗിഗ് വർക്കേഴ്സിന് പ്രഥമപരിഗണന

ഗിഗ് വർക്കേഴ്സിന് പ്രഥമപരിഗണന

നമ്മൾ വിശന്നിരിക്കുമ്പോൾ, പലയിടങ്ങളിലും ഒറ്റപ്പെട്ടുപോകുന്ന സ്ഥിതി വന്നാൽ, എത്രയോ കാലമായി നാം ആശ്രയിക്കുന്നവയാണ് സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളെ. അതിലാവട്ടെ, നമുക്കായി ചുരുങ്ങിയ സമയം കൊണ്ട് മഴയും വെയിലും അതിജീവിച്ച് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരെ നിങ്ങളിൽ എത്രപേർ ശ്രദ്ധിച്ചിട്ടുണ്ട്. ആമസോണും ഫ്ലിപ്പ്കാർട്ടും ബ്ലിങ്കിറ്റും ഇൻസ്റ്റമാർട്ടും അടക്കമുള്ള ഇ- കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള കാഴ്ചയും വ്യത്യസ്തമല്ല. ഏത് പ്രതികൂല സാഹചര്യത്തിലും നമുക്ക് ആശ്വാസവും രക്ഷയുമായി പലപ്പോഴും മാറുന്ന ഒല, ഊബർ ടാക്സി സേവനങ്ങളും ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ കഴിയുന്നതല്ല ഇക്കാലത്ത്. എന്നാൽ, ഗിഗ് വർക്കേഴ്സ് എന്ന് ഓമനപ്പേരിട്ട് നാം വിളിക്കുന്ന ഈ തൊഴിലാളികൾ നേരിടുന്ന കടുത്ത അവഗണനയും തൊഴിൽ അസ്ഥിരതയും എപ്പോഴെങ്കിലും നമ്മൾ ആലോചിച്ചിട്ടുണ്ടാവുമോ?

ഈ ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായാണ് കർണാടക സർക്കാർ ഗിഗ് വർക്കേഴ്സ് ആക്ട് നടപ്പിലാക്കിയത്. ഭക്ഷണ വിതരണ സേവനങ്ങൾ നൽകുന്നവർക്കും യാത്രാ സേവനങ്ങൾ നൽകുന്നവർക്കും തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. രാജ്യത്തിന് തന്നെ മാതൃകയായ നയവും നിലപാടും.

18 മണിക്കൂർ തുടർച്ചയായി സേവനം നടത്തുന്നവരാണ് ഗിഗ് വർക്കേഴ്സ്. നല്ല വരുമാനം കിട്ടുമെന്ന് ഒറ്റനോട്ടത്തിൽ തോന്നും. പക്ഷേ, ഇന്ധനം, വായ്പാ തിരിച്ചടവ്, ഇൻഷുറൻസ്, അറ്റകുറ്റപ്പണി തുടങ്ങിയ ഒട്ടേറെ കടമകൾ കഴിയുമ്പോഴേക്കും ജീവിതം തള്ളിനീക്കാൻ പെടാപ്പാട് തന്നെയാണ്. ആ ജീവിതം ഒറ്റദിവസമെങ്കിലും അനുഭവിച്ചില്ലെങ്കിൽ നമ്മൾ മനുഷ്യരാവില്ലെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് അവർക്കൊപ്പം ഞാനുമിറങ്ങിയത്. സ്റ്റേജിലോ മീറ്റിംഗിലോ ഏതെങ്കിലും എസി ഹാളിലോ അല്ല. റോഡിലും റെസ്റ്റോറന്റുകൾക്ക് മുന്നിലും ട്രാഫിക്കിനിടയിലും. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളുമായി സംവദിക്കുന്ന ഓപ്പൺ മൈൻഡ് എന്ന പരിപാടിയുടെ ഭാഗമായായിരുന്നു ഇത്.

അസംഘടിതരെങ്കിലും സ്ഥിരനിയമനം ഇല്ലെങ്കിലും ഇവരും തൊഴിലാളികളാണ്. ഇവർക്ക് നിയമപരമായ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കണം. മെച്ചപ്പെട്ട ജീവിത സാഹചര്യമുണ്ടാകണം. അതിന്, കർണാടകത്തിൽ കണ്ടതുപോലെ, നിയമനിർമാണം തന്നെ ഇവിടെയും വേണ്ടതുണ്ട്. കണ്ണും കാതും പൊത്തുന്ന ഭരണകൂടങ്ങളല്ല നമുക്ക് വേണ്ടത്. അടിസ്ഥാന സൗകര്യ വികസനം മുതൽക്ക് ജീവിത നിലവാരം വരെ പരിഗണിക്കുന്ന ജനകീയ സർക്കാരുകളാണ്. യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ പ്രഥമ പരിഗണനകളിൽ ഒന്ന് ഗിഗ് വർക്കേഴ്സ് തന്നെയാവും, സംശയം വേണ്ട.