ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിലൂടെ യാത്ര ചെയ്യുമ്പോഴും ജനങ്ങളുമായി ഇടപഴകുമ്പോഴും, ശാരീരിക അവശതകളും വൈകല്യങ്ങളും നേരിടുന്ന പ്രിയപ്പെട്ടവർ തങ്ങളുടെ ജീവിത പ്രയാസങ്ങൾ എന്നോട് പങ്കുവെക്കാറുണ്ടായിരുന്നു. അവരുടെ ബുദ്ധിമുട്ടുകൾക്ക് കഴിയാവുന്ന ഒരു പരിഹാരം കാണുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഇതിന്റെ ഭാഗമായി, അംഗപരിമിതർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ALIMCO യുമായി കഴിഞ്ഞ വർഷം തന്നെ ബന്ധപ്പെട്ടിരുന്നു. എന്നാൽ അനുകൂലമായ ഒരു മറുപടി ലഭിക്കാൻ വൈകിയതിനെ തുടർന്ന്, കേന്ദ്ര സാമൂഹ്യ നീതി മന്ത്രിയെ നാല് തവണ നേരിട്ട് കണ്ട് ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. നിരന്തരമായ ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ ഒക്ടോബറിൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഇതിനായുള്ള പ്രത്യേക രജിസ്ട്രേഷൻ ക്യാമ്പ് നടത്താൻ അനുമതി ലഭിച്ചു.
അനുമതി ലഭിച്ചതിന് പിന്നാലെ, പാർലമെൻ്റ് മണ്ഡലത്തിലെ എല്ലാ ബ്ലോക്കുകളിലും വിപുലമായ രജിസ്ട്രേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഈ ക്യാമ്പുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഓരോരുത്തർക്കും അനുയോജ്യമായ ഡിസൈനുകളിലുള്ള ഉപകരണങ്ങൾ നിർമ്മിച്ച് നൽകാൻ സാധിച്ചു. ഈ വലിയ ഉദ്യമത്തിലേക്ക് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുന്നതിനായുള്ള പ്രത്യേക ഇടപെടലുകളും നടത്തിയിരുന്നു. പരിമിതികളെ അതിജീവിച്ച് മുന്നേറാൻ ആഗ്രഹിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഈ പദ്ധതി വലിയൊരു കൈത്താങ്ങാകുമെന്ന് വിശ്വസിക്കുന്നു. അർഹരായ കൂടുതൽ പേരിലേക്ക് ഈ പദ്ധതിയുടെ പ്രയോജനം എത്തിക്കുന്നതിനായി, ഇനിയും പരിശ്രമങ്ങൾ തുടരും.

