രോഗികളുടെ ജീവൻ സംരക്ഷിക്കേണ്ട നഴ്സ്മാർക്ക് അർഹതപ്പെട്ട അവകാശങ്ങൾ നിഷേധിക്കപ്പെട്ടത് മൂലം തെരുവിലിറങ്ങേണ്ട സാഹചര്യം ഉണ്ടായത് തന്നെ ഏറെ സങ്കടകരമാണ്. അതിന് കാരണക്കാരായവരെ കൊണ്ട് കാലം കണക്കുപറയിക്കുന്ന ദിനം വിദൂരമല്ല. സ്വകാര്യ ആശുപത്രികൾ കോടികൾ ലാഭം കൊയ്യുമ്പോഴും, കഴിഞ്ഞ ഏഴ് വർഷമായി സംസ്ഥാനത്ത് നഴ്സുമാർക്ക് ഒരു ശമ്പള വർദ്ധനവ് പോലും നൽകാതെ അവരെ കൊടിയ വഞ്ചനയ്ക്കാണ് ഇരയാക്കുന്നത്. പന്ത്രണ്ട് മണിക്കൂറിലധികം വിശ്രമമില്ലാതെ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യിപ്പിക്കുന്നത് ആധുനിക കാലത്തെ അടിമപ്പണിയും തൊഴിൽ നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ്. സുപ്രീം കോടതി നിർദ്ദേശിച്ച നാല്പതിനായിരം രൂപ അടിസ്ഥാന ശമ്പളം എന്ന ന്യായമായ ആവശ്യം പോലും നടപ്പിലാക്കാത്ത ഭരണകൂടം, സ്വന്തം അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നവരെ ഫാസിസ്റ്റ് ശൈലിയിലാണ് അടിച്ചമർത്തുന്നത്. ആരോഗ്യരംഗത്ത് ഒന്നാം സ്ഥാനത്താണെന്ന് വീമ്പിളക്കുന്ന സംസ്ഥാന സർക്കാർ, ഭൂരിഭാഗവും സ്ത്രീകളായ ഈ ആരോഗ്യപ്രവർത്തകരുടെ കണ്ണീരിന് മുന്നിൽ മൗനം പാലിക്കുന്നത് വലിയ ക്രൂരതയാണ്.
രോഗികളോടുള്ള തങ്ങളുടെ ഉത്തരവാദിത്തം മറക്കാതെ, സ്വന്തം ആത്മാഭിമാനത്തിനും നീതിക്കും വേണ്ടി യു.എൻ.എ നടത്തുന്ന ഈ ഐതിഹാസിക പോരാട്ടത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ഈ ഭരണകൂടം നഴ്സ്മാരുടെ ന്യായമായ അവകാശങ്ങൾക്ക് നേരെ കണ്ണടച്ചാൽ, മാസങ്ങൾക്കപ്പുറം വരാനിരിക്കുന്ന യുഡിഎഫ് സർക്കാർ ആ അവകാശങ്ങൾ നടപ്പിലാക്കും. സത്യം നിങ്ങളുടെ ഭാഗത്താണ്, ഈ പോരാട്ടത്തിൽ കോൺഗ്രസ് പ്രസ്ഥാനം നിങ്ങൾക്ക് ഒപ്പമുണ്ട്, നാം വിജയിക്കുക തന്നെ ചെയ്യും.


