Skip to content Skip to footer

ഗാന്ധി–ഗുരു ചരിത്ര സമാഗമത്തിന്റെ 100ാം വാർഷികം

ഗാന്ധി–ഗുരു ചരിത്ര സമാഗമത്തിന്റെ 100ാം വാർഷികം

ഗാന്ധി–ഗുരു ചരിത്ര സമാഗമത്തിന്റെ 100ാം വാർഷികം

മഹാത്മാ ഗാന്ധിയും ശ്രീനാരായണ ഗുരുദേവനും തമ്മിൽ ശിവഗിരിയിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ നൂറാം വാർഷികാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. വൈക്കത്തെ ഇണ്ടന്തുരുത്തി മനയിൽ ക്ഷേത്രപ്രവേശന ചർച്ചകളിൽ അപമാനിതനായി ഇറങ്ങിപ്പോകേണ്ടി വന്ന ഗാന്ധിജിക്ക്, ശിവഗിരിയിൽ ഗുരുദേവൻ നൽകിയത് അതിൻ്റെ പത്തിരട്ടി ആദരവാണ്. ഈ മഹത്തായ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അയിത്തോച്ചാടനം ഇന്ത്യൻ നാഷണൽ കോൺഗ്രസ് തങ്ങളുടെ പ്രധാന അജണ്ടയായി രാജ്യവ്യാപകമായി ഏറ്റെടുത്തത്. ഈ നവോത്ഥാന പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളായിരുന്ന പ്രിയപ്പെട്ട സി. കേശവനെയും ആർ. ശങ്കറിനെയും മുഖ്യമന്ത്രിമാരായി സമ്മാനിക്കാൻ സാധിച്ചു എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന് എക്കാലവും അഭിമാനിക്കാവുന്ന ചരിത്രമാണ്.

രാജ്യത്ത് അരികുവൽക്കരിക്കപ്പെട്ടവർക്കും പാവപ്പെട്ടവർക്കും വേണ്ടി, വർഗീയതയ്ക്കെതിരെ ആരുടെ മുന്നിലും തലകുനിക്കാതെ നിർഭയം പോരാടുന്ന നമ്മുടെ പ്രിയ നേതാവ് ശ്രീ രാഹുൽ ഗാന്ധിയാണ് ഈ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തത് എന്നത് ഏറെ അർത്ഥവത്താണ്. ഗാന്ധി-ഗുരുദേവ കൂടിക്കാഴ്ചയ്ക്ക് ശേഷം നൂറു വർഷം പിന്നിടുമ്പോഴും, കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തിൽ ഉണ്ടായ വലിയ മാറ്റങ്ങളെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ഇന്നും സജീവമാണെന്നത് നാം വിസ്മരിച്ചുകൂടാ. അവർക്കെതിരെ പ്രതിരോധം തീർക്കാനും, ആ ചരിത്ര കൂടിക്കാഴ്ച പകർന്നുനൽകിയ മഹത്തായ ആശയങ്ങൾ ഉൾക്കൊണ്ട് സമൂഹത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി നിലകൊള്ളാനും ഈ അവസരത്തിൽ ഓരോ മലയാളിയും പ്രതിജ്ഞയെടുക്കണം. ശ്രീനാരായണഗുരുവിന്റെ ദർശനങ്ങളും ആശയങ്ങളും ലോകമെങ്ങും പ്രചരിപ്പിക്കാൻ നേതൃത്വം കൊടുക്കുന്ന ശിവഗിരി മഠവും സച്ചിദാനന്ദ സ്വാമിയും ശുഭാംഗാനന്ദ സ്വാമിയും അടക്കമുള്ള സന്യാസ ശ്രേഷ്ഠരും നടത്തുന്ന പരിശ്രമങ്ങൾ വിലമതിക്കാനാകാത്തതാണ്.

കൊല്ലം ആശ്രാമത്ത് ശിവഗിരി മഠവും രാജീവ് ഗാന്ധി പഠനഗവേഷണ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച, ഗുരു-ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നു.